അനുഷുാന വിധിയോടെയുള്ള ചടങ്ങുകള്‍ക്കൊടുവില്‍ കഥകളിവേഷമണിഞ്ഞ ഭൈരവി അര്‍ദ്ധരാത്രി തിരുമുടി ശിരസ്സിലേറ്റി വാളുമേന്തി വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രത്തിലേക്ക് ദാരികനെത്തേടി ഓടിക്കയറി. മഹാദേവര്‍ ക്ഷേത്രത്തില്‍ അത്താഴ ശ്രീബലിക്കായി ഋഷഭവാഹനമേറി വരുന്ന നീലകണുനെ ദര്‍ശിച്ച് കാളിയ്‌ക്ക് കോപമടങ്ങി. അച്ഛനൊപ്പം പ്രദക്ഷിണം നടത്തി വിഷുക്കൈനീട്ടവും വാങ്ങി. കല്‍ക്കുളത്തുകാവിലേക്ക് മടക്കം. ഭക്തരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ബുധനാഴ്‌ച ഉച്ചയ്‌ക്കുശേഷം ഭദ്രകാളി തിരികെ കല്‍ക്കുളത്തുകാവ് ക്ഷേത്ര ശ്രീകോവിലില്‍ ഭഗവതിയായി തിരികെ പ്രവേശിക്കും. നിണബലിയേകി ഭക്തര്‍ അടുത്ത പന്ത്രണ്ടുവര്‍ഷത്തേക്ക് മുടിയെടുപ്പുത്സവത്തിന്റെ പുണ്യം കാത്തുവെയ്‌ക്കും. കണ്ണിമുറ്റം ശ്രീജിത്ത് ഭദ്രകാളിയായും കണ്ണിമുറ്റം ശ്രീനി ദാരികനായും വേഷമണിഞ്ഞു. ചൊവ്വാഴ്‌ച രാവിലെ മധുവെഴുന്നള്ളത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദേവിക്ക് മധുപാനത്തിനുശേഷം പ്രസന്ന പൂജ നടന്നതോടെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും പഞ്ചാരിയില്‍ മേള പ്രപഞ്ചം തീര്‍ത്തു. തുടര്‍ന്ന് കുലവാഴ എതിരേല്‌പും ഉണ്ടായിരുന്നു. വൈകീട്ട് മൂന്നരയോടെ മുടിപ്പുരയില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുത്ത മുടിയെഴുന്നള്ളത്ത് പുറപ്പെട്ടു. വൈകീട്ട് അഞ്ചരയോടെ ക്ഷേത്രത്തില്‍ തിരികെ പ്രവേശിച്ചു. പാട്ടമ്പലം പത്മപീഠത്തില്‍ മുടി ഇറക്കി പൂജയും നടത്തി. രാത്രിയോടെ ഭൈരവി കളത്തില്‍ തുള്ളി കുലവാഴയരിഞ്ഞ് പോര്‍ക്കലിയായി. പിന്നീടാണ് തിരുമുടി അണിഞ്ഞ് ദാരിക നിഗ്രഹത്തിനായി പുറപ്പെട്ടത്. കാളിയുടെ വരവുകണ്ട് ദാരിക വേഷധാരി ഇരുളില്‍ മറഞ്ഞു.

