കോഴിക്കോട്: ശശി തരൂര്‍ കേന്ദ്രമന്ത്രിയായ ശേഷം ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ചത് അദ്ദേഹം ട്വിറ്റര്‍ വഴി നടത്തിയ പ്രസ്താവനകളായിരുന്നെങ്കില്‍, രാജിക്ക് ശേഷം അദ്ദേഹത്തിന് ഏറ്റവും ആശ്വാസം നല്‍കുന്നതും ട്വിറ്റര്‍ തന്നെയാകണം. രാജിവെച്ച തരൂരിന് പിന്തുണയുമായി അക്ഷരാര്‍ഥത്തില്‍ ട്വിറ്റര്‍ പ്രളയം തന്നെയാണ് നടക്കുന്നത്. മാത്രമല്ല, അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള പൊതുവേദിയും ഫെയ്‌സ്ബുക്ക് പേജുമെല്ലാം അധികം വൈകാതെ നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.
ശശി തരൂരുമായി ബന്ധപ്പെട്ട് ഓരോ മിനിറ്റിലും നൂറുകണക്കിന് ട്വീറ്റുകള്‍ (ട്വിറ്റര്‍ പോസ്റ്റുകള്‍) ആണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വികൃതമുഖത്തെ അപലപിച്ചുകൊണ്ടും ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ഉള്ളതായിരുന്നു ട്വീറ്റുകളില്‍ ബഹുഭൂരിപക്ഷവും. രാജിവെയ്ക്കാനുള്ള തെറ്റൊന്നും ശശി തരൂര്‍ ചെയ്തില്ല എന്ന് പലരും ആവര്‍ത്തിക്കുന്നുമുണ്ടായിരുന്നു. ഒരുപക്ഷേ, ഇന്ത്യയില്‍ ഒരു രാഷ്ട്രീയ സംഭവം ഇത്തരത്തില്‍ നവമാധ്യമശ്രദ്ധ നേടുന്നത് ആദ്യമായാകണം.
ന്യൂഡല്‍ഹിയില്‍ രാത്രി ഒന്‍പതു മണിക്ക് അവസാനിച്ച കോണ്‍ഗ്രസ്സ് കോര്‍കമ്മറ്റി യോഗത്തിലേക്ക് ശശി തരൂരിനെ വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വെച്ചുതന്നെ അദ്ദേഹം രാജി എഴുതി നല്‍കി. വാര്‍ത്ത പുറത്തു വന്നയുടന്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പടെയുള്ള സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ ഈ സംഭവം കാട്ടുതീ പോലെ പടര്‍ന്നു. ഒരു മണിക്കൂറിനുള്ളില്‍ ട്വിറ്ററിലെ ടോപ് ട്രെന്‍ഡിങ് വിഷയങ്ങളില്‍ തരൂര്‍ രണ്ടാംസ്ഥാനത്തെത്തി! മലയാളത്തിലുള്ള ട്വീറ്റുകളിലും ശശി തരൂരിന്റെ രാജി മാത്രമായി വിഷയം.
ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 'സപ്പോര്‍ട്ട് ശശി തരൂര്‍' (http://supporttharoor.org/) എന്ന പൊതുവേദിയും പ്രത്യക്ഷപ്പെട്ടു. ഫെയ്‌സ്ബുക്കിലും തരൂരിന് പിന്തുണയ്ക്കാന്‍ പൊതുവേദി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 722863 പേരാണ് ട്വിറ്ററില്‍ ഇപ്പോള്‍ ശശി തരൂരിനെ ഫോളോ ചെയ്യുന്നവര്‍. അവരുമായി ട്വീറ്റുകള്‍ വഴി നടത്തിയ ആശയവിനിമയങ്ങള്‍ ഒട്ടേറെ തവണ അദ്ദേഹത്തെ വിവാദച്ചുഴിയിലാക്കിയിട്ടുണ്ട്. 'കന്നുകാലി ക്ലാസ്' പ്രയോഗം പോലുള്ളവ ഉദാഹരണം.
ഒടുവില്‍ അദ്ദേഹത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനം തെറിക്കാനിടയാക്കിയ ഐ.പി.എല്‍.സംഭവപരമ്പരകളുടെ തുടക്കവും ട്വിറ്റര്‍ വഴി വന്ന സന്ദേശങ്ങളോടെയായിരുന്നു എന്നത് യാദൃശ്ചികമാകാം. ഐ.പി.എല്‍. കമ്മീഷണര്‍ ലളിത് മോഡി ട്വിറ്റര്‍ വഴി പുറത്തുവിട്ട രഹസ്യങ്ങളാണ് തരൂരിന്റെ രാജിയില്‍ കലാശിച്ചത്. ശശി തരൂരിന്റെ അടുത്ത സുഹൃത്ത് സുന്ദ പുഷ്‌കറിന് കൊച്ചി ഐ.പി.എല്ലില്‍ 19 ശതമാനം സൗജന്യ ഓഹരികളുണ്ടെന്ന വിവരം മോഡി പുറത്തുവിട്ടത് ട്വിറ്റര്‍ മുഖേനയായിരുന്നു.
ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട്
0 comments:
Post a Comment